സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗത്തിന്റെ ഉറവിടം ഭക്ഷണ ശാലകൾ എന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് അടുത്ത കോവിഡ് തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന് ഇടയാക്കരുത്. ജാഗ്രതയോടെ മാത്രമേ ഭക്ഷണ ശാലകള്‍ സന്ദര്‍ശിക്കാവൂ. ഭക്ഷണം കഴിക്കാന്‍ പേകുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യൂറോപ്പിലും അമേരിക്കയിലും മറ്റും ഉണ്ടായ രണ്ടാം തരംഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ രോഗ വ്യാപനത്തിന്റെ പ്രധാന ഉറവിടങ്ങളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഭക്ഷണ ശാലകളും പബ്ബുകളുമാണ്. അത് കണക്കിലെടുത്ത് നിലവില്‍ നമ്മുടെ നാട്ടില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ട്. വേണ്ടത്ര നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിക്കാതെ പല ഹോട്ടലുകളും വഴിയോര ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top