കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനിൽ സൈനികൻ ഉൾപ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച് വരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും കാണാം. വിഷ്ണുവിന്റെ ഷർട്ട് എഎസ്‌ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം.
എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ശേഷം പേരൂർ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്‌നേഷിനെയും മർദിച്ചു എന്നതാണ് പരാതി.
കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മർദ്ദിച്ചതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ആദ്യം കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ല. എസ്‌ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെയാണ് സിഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.