നിലമ്പൂര്‍ : ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാനായി ഒരു കൂട്ടം കുട്ടികള്‍ നടത്തുന്ന മീറ്റിംഗ്. മുന്നിലിരുന്ന പത്തോളം വരുന്ന സംഘത്തിന്റെ കയ്യില്‍ നിന്നും ഉയര്‍ന്നതിനെക്കാള്‍ കയ്യടി ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍.
മടല്‍ കുത്തി വെച്ചുണ്ടാക്കിയ മൈക്കിലൂടെ ഒരു കുട്ടി സംസാരിക്കുന്നതും അതു കേട്ട് നിലത്തും നിലത്തിട്ടിരിക്കുന്ന മരത്തടിയിലുമായി മറ്റു കുട്ടികള്‍ ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഹൃദ്യമായ ഈ വിഡിയോ പങ്കുവച്ചത്. ഒരു പന്തുവാങ്ങുന്ന കാര്യം ചർച്ചചെയ്യാൻ മടൽ കുത്തി വച്ച് മൈക്കുണ്ടാക്കി. അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാൻ അയൽവക്കത്തെ വീട്ടിൽ പോയി കസേര കടം വാങ്ങി. നിലത്തിരുന്ന് അവർ വിഷയം ചർച്ചചെയ്തു. അഭിപ്രായങ്ങൾ മൈക്കിന് മുന്നിൽ തുറന്നു പറഞ്ഞു. വിയോജിപ്പുകളെ ചോദിച്ചറിഞ്ഞു.
ഇനിയും കുറേ ആളുകൾ വരാനുണ്ടെന്നും ഇതൊരു താത്കാലിക മീറ്റിംഗ് ആണെന്നും, വരുന്ന ഞായറാഴ്ചകളിലെല്ലാം ഇത്തരത്തിൽ മീറ്റിംഗ് ഉണ്ടാവുമെന്നും സെക്രട്ടറി പറയുന്നുണ്ട്.
മിഠായി വാങ്ങാനുള്ള കാശൊക്കെ കൂട്ടിവെച്ചാണ് നമ്മൾ പന്ത് വാങ്ങുന്നതെന്നും സെക്രട്ടറി പറയുന്നു. നന്നായി ഗോൾ കീപ്പിംഗ് ചെയ്ത സനീറിന് പൊന്നാടയണിയിക്കുന്ന ചടങ്ങും മീറ്റിംഗിൽ നടന്നു. പൊന്നാടയല്ല, ഒരു കവറാണെന്ന് വെളിപ്പെടുത്തിയിട്ട് ഒരു പ്ലാസ്റ്റിക്ക് കവറാണ് സനീറിനെ അണിയിക്കുന്നത്.