കേരള ഫുട്‌ബോള്‍ താരം സി.വി പാപ്പച്ചന്‍ വിരമിച്ചു

തൃശ്ശൂര്‍: കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സി.വി പാപ്പച്ചന്‍ വിരമിച്ചു. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ സേവനം അവസാനിപ്പിച്ച് പാപ്പച്ചന്‍ ഇന്ന് പടിയിറങ്ങും. ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ 36 പ്ലാവിന്‍ തൈകള്‍ നട്ടാണ് പാപ്പച്ചന്‍ പടിയിറങ്ങുന്നത്. പൊലീസ് അക്കാദമിയില്‍ കമാന്‍ഡന്റായ പാപ്പച്ചന്‍ 36 വര്‍ഷത്തെ സേവനമവസാനിപ്പിച്ചാണ് പടിയിറങ്ങുന്നത്.

പൊലീസ് ടീമിലെ പാപ്പച്ചന്റെ ഇഷ്ട്ട കളിക്കാരനായ ഐ.എം വിജയനും പ്ലാവിന്‍ തൈ നടാന്‍ എത്തിയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ പാഞ്ചാരി മേളവും സാക്‌സോഫോണിലും തുടര്‍ പരിശീലനവും തുടരാനാണ് പാപ്പച്ചന്റെ തീരുമാനം. ഇതോടൊപ്പം ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള ഒരു അക്കാദമി തുടങ്ങി ഫുട്‌ബോള്‍ ലോകത്ത് തന്നെ സജീവമായി പാപ്പച്ചനുണ്ടാകും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കായി ജഴ്‌സി അണിഞ്ഞാണ് പാപ്പച്ചന്‍ ഫുട്ബാള്‍ രംഗത്തേക്ക് കടന്നു വന്നത്. 1985 ല്‍ എ.എസ്.ഐ. തസ്തികയില്‍ പൊലീസിന്റെ ഭാഗമായി. പൊലീസ് ടീമിന്റെ കുപ്പായമണിഞ്ഞ് മുന്നേറ്റക്കരാനായി നിരവധി കളികള്‍ കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ നിരവധി തവണ കളിച്ച അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു.

വി പി സത്യന്‍, ഐ എം വിജയന്‍, യു ഷറഫലി, തോബിയാസ്, കെ ടി ചാക്കോ, കുരികേശ് മാത്യു തുടങ്ങി കളിക്കാര്‍ സഹതാരങ്ങളായിരുന്നു. ഇന്ത്യക്കായി നിരവധി തവണ ജേഴ്‌സിയണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നായകനുമായി. നെഹ്‌റു ട്രോഫി ഫുട്‌ബോളില്‍ ഹംഗറിക്കെതിരേ നേടിയ ഗോള്‍ പാപ്പച്ചന്റെ മിന്നുംഗോളുകളില്‍ ഒന്നായിരുന്നു. 2020ല്‍ പാപ്പച്ചന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.

Top