ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളുടെ വീഡിയോ പുറത്ത് വന്നു

തായ്‌ലന്‍ഡ്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടുപോയ കൗമാര ഫുട്‌ബോള്‍ ടീം അംഗങ്ങളേയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിന് ആശ്വാസമായി ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും പുറത്തെത്തിയിരിക്കുകയാണ്.
TAHI-5

വെള്ളം കെട്ടിനില്‍ക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഭാഗത്ത് പ്രതീക്ഷയോടെ ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് വീഡിയോ. ധരിച്ചിരിക്കുന്ന ഫുട്‌ബോള്‍ ജേഴ്‌സി അഴുക്കു പിടിച്ചിരിക്കുകയാണ്. ബനിയന്‍ മുട്ടോളം വലിച്ച് ഇറക്കിയിട്ടാണ് കുട്ടികള്‍ ഇരിക്കുന്നത്. വിശക്കുന്നുണ്ടെന്നും എപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങാന്‍ പറ്റുമെന്നുമെല്ലാം കുട്ടികള്‍ ചോദിക്കുന്നുണ്ട്.

TAILANDA-1

കുട്ടികളെ രക്ഷിക്കാനെത്തിയ മുങ്ങല്‍ സംഘമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സംഘത്തിലെ ഒരാള്‍ കുട്ടികളോട് സംസാരിക്കുന്നുണ്ട്. പേടിക്കാതെ ധൈര്യമായി ഇരിക്കണമെന്നും നിരവധി പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും , ഞങ്ങളാണ് ആദ്യം എത്തിയതെന്നുമാണ് കുട്ടികളോട് പറയുന്നത്. വളരെ ക്ഷീണിതരായാണ് ഇവരെ വീഡിയോയില്‍ കാണുന്നത്. കാണാതായ 13 പേരും സുരക്ഷിതരായി ഗുഹയില്‍ ഉണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഞങ്ങള്‍ക്ക് പുറത്തേക്ക് പോവാന്‍ ആകുമോ എന്നാണ് മറ്റൊരു കുട്ടിയുടെ ചോദ്യം. നിങ്ങള്‍ക്ക് പുറത്തു പോകാനാകുമെന്നും എന്നാല്‍ ഇന്ന് പോകാനാവില്ലെന്നുമാണ് ഇതിന് മറുപടിയായി മുങ്ങല്‍ വിദഗ്ധന്‍ പറയുന്നത്. നിങ്ങള്‍ 10 ദിവസമായി ഇതിനുള്ളിലാണെന്നും വളരെ ശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നല്ല വാക്കുകള്‍ക്ക് നന്ദി പറയാനും കുട്ടികള്‍ മറക്കുന്നില്ല.

തിങ്കളാഴ്ച വൈകിട്ടോടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തായ് നേവി സീല്‍സിന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കൗമാര ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും 25 വയസുള്ള അവരുടെ പരിശീലകനുമാണ് കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്‌ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയത്.

Top