ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

തായ്‌ലന്‍ഡ്: വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ രക്ഷിക്കാന്‍ നാലാം ദിവസവും ശ്രമം തുടരുന്നു. ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 12 ആണ്‍കുട്ടികളും പരിശീലകരും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ജീവനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്‌ബോള്‍ ടീം ഉള്ളതെന്നാണ് വിവരം. തായ് സേന, വോളന്റീയര്‍മാര്‍, നാവിക സേന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സ്ഥലത്തേക്ക് എത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയതായി ഷിയാംഗ് റായ് പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. ഗുഹയിലെ വെള്ളം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ഫലപ്രദമായില്ല.

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ദിവസങ്ങളായി തുടരുന്ന മഴ കാരണം പ്രദേശം വെളളത്തിനടിയിലാണ്. ഗുഹയുടെ പുറത്ത് കുട്ടികളും സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.

Top