clean chit for adgp r sreelekha

sreelekha

തിരുവനന്തപുരം: എഡിജിപി ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കേ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഗതാഗത കമ്മീഷണറായിരിക്കെ ആര്‍. ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്.

ശ്രീലേഖയ്ക്ക് എതിരായ പരാതി തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക തിരിമറി നടത്തിയതിന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഗതാഗത വകുപ്പിന്റെ ശുപാര്‍ശ നേരത്തെ ചീഫ് സെക്രട്ടറി തള്ളിയിരുന്നു. പിന്നീട് വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.

പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര്‍ ശ്രീലേഖക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച് പിന്നീട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി അന്വേഷണം നടത്തിയിരുന്നു. ചീഫ്‌സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടോമിന്‍ ജെ തച്ചങ്കരി അന്വേഷണം നടത്തിയത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം, പാലക്കാട് ചിറ്റൂര്‍ ആര്‍ടിഒ ഓഫീസ് നവീകരണം എന്നിവയില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു ടോമിന്‍ ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്.

തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഗതാഗതവകുപ്പ് പ്രാഥമികപരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് ഗതാഗതവകുപ്പ് നല്‍കിയത്.

ഗതാഗത സെക്രട്ടറി ഫയല്‍ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. ഫയല്‍ ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്കായി കൈമാറാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീലേഖയില്‍ നിന്ന് വിശദീകരണം വാങ്ങിയ ശേഷം അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു ചീഫ് സെക്രട്ടറി സ്വീകരിച്ചത്.

Top