ബര്‍മിങ്ഹാം: ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാകും. നീണ്ട 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്തുന്നത്. വനിതാ ക്രിക്കറ്റാണ് ഗെയിംസില്‍ നടക്കുക എന്നതാണ് ഏറ്റവും വലിയ സവിശേഷത. ജൂലൈ 29നാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ തുടങ്ങുന്നത്. എഡ്‌ജ്‌ബാസ്റ്റണില്‍ നടക്കുന്ന 16 മത്സരങ്ങളില്‍ എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കും. ഓഗസ്റ്റ് ഏഴിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ജേതാക്കളെ അറിയാം.
നാല് ടീമുകളായി തിരിച്ചുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പില്‍ നിന്നും ഏറ്റവും മികച്ച രണ്ട് ടീമുകള്‍ വീതം സെമിക്ക് യോഗ്യരാവും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടുക. ജേതാക്കള്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ വെങ്കല മെഡലിനായുള്ള മൂന്നാം സ്ഥാനത്തിനായി പോരടിക്കും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ബാര്‍ബഡോസ്, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളുമാണുള്ളത്.
ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് നേരിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രിക്കറ്റിന് യോഗ്യത നേടിയത്. ഐസിസി വനിതാ ടി20യിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തി ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകളും യോഗ്യത കണ്ടെത്തി. ക്വാളിഫയറിലൂടെയാണ് ബാര്‍ബഡോസും ശ്രീലങ്കയും ഗെയിംസിനെത്തുന്നത്. ഇക്കുറി ജൂലൈ 29ന് ഓസ്ട്രേലിയ-ഇന്ത്യ തീപാറും പോരാട്ടത്തോടെയാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ ഗെയിംസില്‍ ആരംഭിക്കുക. പിന്നാലെ ഇന്ത്യ-പാക് മത്സരവുമുണ്ട്. ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.