ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം യു.എ.ഇ പ്രതിരോധ സേനയും പങ്കെടുക്കും. ആദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയില്‍ പരേഡ് നടത്തുന്നത്. യു.എ.ഇ രാജകുമാരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖ്യാതിഥി.
കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം റിപ്പബ്ലിക് ദിനപരേഡില്‍ അണിനിരന്നത്. ഫ്രഞ്ച് സൈന്യമായിരുന്നു 2016 ല്‍ ഇന്ത്യന്‍ സൈന്യത്തോടപ്പം രാജ്പഥില്‍ പരേഡ് നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാദായിരുന്നു മുഖ്യാതിഥി.
യു.എ.ഇ രാജകുമാരന്റെ സന്ദര്‍ശനം നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നവീകരിക്കുന്നതിനും കൂടുതല്‍ ദൃഢമാക്കുന്നതിനും സഹായകരമാകും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറും യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ മുഹമ്മദ് ഗാരെഗാഷും ജനുവരി 20 ന് നയതന്ത്ര ചര്‍ച്ച നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളും നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഭീകരവാദ ഭീഷണികളും ചര്‍ച്ചയില്‍ വരും. ഇതോടൊപ്പം തന്നെ രാജ്യാന്തര പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചയാകും.