ടൂറിസം വിജയിക്കണമെങ്കില്‍, ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടായെന്നും ഷൈന്‍ ടോം ചാക്കോ. മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ കേരളത്തിലേക്കു സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു. യുവ സംരംഭകര്‍ക്കുള്ള ബിസിനസ് കേരള മാഗസിന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. മുന്‍ വ്യവസായ മന്ത്രിയും എല്‍എഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഷൈന്‍ ടോമിന്റെ പ്രസംഗം.
ടൂറിസം ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ ഇക്കാലത്ത് ടൂറിസ്റ്റുകള്‍ ആദ്യം നോക്കുന്നത് ഫ്‌ലൈറ്റുകളാണ്. ബെംഗളൂരുവില്‍നിന്നു ഫ്‌ലൈറ്റ് കേരളത്തിലേക്കില്ല. രാവിലെ ഒരു ഫ്‌ലൈറ്റ് ഉണ്ടാകും, ടിക്കറ്റിന് നാലായിരവും അയ്യായിരവും. പിന്നെ ഉള്ളത് കണക്ഷന്‍ ഫ്‌ലൈറ്റുകളാണ്. അതിനൊക്കെ ഇരുപത്തിരണ്ടായിരവും ഇരുപത്തിഅയ്യായിരവും. ദുബായില്‍ നിന്നുപോലും രാവിലെ കേരളത്തിലേക്ക് വിമാനമില്ല.
ടൂറിസം വിജയിക്കണമെങ്കില്‍, വളരണമെങ്കില്‍ ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണം. ഏറ്റവും കൂടുതല്‍ സഞ്ചാരികളുള്ളത് കേരളത്തിലേക്കാണ്. ഞാന്‍ യാത്ര ചെയ്യുന്നതുകൊണ്ടാണ് പറയുന്നത്. ഹൈദരാബാദിലും മുംബൈയിലും ചെന്നൈയിലും ഒക്കെ പോകുമ്പോള്‍, കേരളത്തിലേക്ക് വരാനും പോകാനും വിമാനങ്ങള്‍ കുറവാണ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ. അത് വളരെയധികം ഉപയോഗ പ്രദമാകും.”ഷൈന്‍ ടോം പറഞ്ഞു.