ദില്ലി: ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തിൽ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിൻറെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതിൽ ആദ്യ പത്തിൽ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെർണാഡ് അർണോൾട്ടാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഇലോൺ മസ്ക് രണ്ടാംതും ജെഫ് ബെസോസ് മൂന്നാമതുമാണ് ഈ പട്ടികയിൽ ഇടം നേടിയത്. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നിൽ രണ്ട് ശതമാനം പേരുടെ സമ്പത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ഫോബ്സ് വിശദമാക്കുന്നു. ജെഫ് ബെസോസിനും ഇലോൺ മസ്കുമാണ് സമ്പത്തിൽ ഏറ്റവുമധികം കുറവ് വന്നിട്ടുള്ളവരിൽ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്. 83.4 ബില്യൺ ഡോളറുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ഈ പട്ടികയിൽ ഒൻപത് മലയാളികളും ഇടം നേടിയിട്ടുണ്ട്.
ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ എംഎ യൂസഫലിയുള്ളത്. ലോക റാങ്കിംഗിൽ 497ാമതാണ് യൂസഫലിയുടെ സ്ഥാനം. ക്രിസ് ഗോപാല കൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ് . ഡോം ഷംസീർ വയലിൽ. ബൈജു രവീന്ദ്രൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 24ാം സ്ഥാനത്താണ് അദാനിയുളളത്.
ഹിൻഡൻബർഗ് റിസർച്ചിന്റെ പഠനമാണ് അദാനിക്ക് തിരിച്ചടിയായത്. അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത് മൂന്ന് മാസങ്ങൾക്ക് മുൻപാണ്. ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇതോടെ 23 ലേക്ക് പിന്തള്ളപ്പെട്ടു.