ന്യൂഡല്‍ഹി : ഫോഴ്‌സ് മോട്ടോഴ്‌സ് ബിഎസ് 4 എന്‍ജിനോടുകൂടിയ 2017-ഗൂര്‍ഖ അവതരിപ്പിച്ചു.
എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും.
കരുത്തുറ്റ സിഇന്‍സി ഷാസിയിലാണ് ഫോഴ്‌സ് ഗൂര്‍ഖ നിര്‍മ്മിച്ചിരിക്കുന്നത്. നാല് ചക്രങ്ങളിലും പുതിയ മള്‍ട്ടി ലിങ്ക് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു.
ഇന്ത്യന്‍ ഓഫ്‌റോഡര്‍ സെഗ്‌മെന്റില്‍ ഈ പുതിയ ഫീച്ചര്‍ ഇതാദ്യമാണ്. ഓണ്‍റോഡിലും ഓഫ്‌റോഡിലും മെച്ചപ്പെട്ട ഹാന്‍ഡ്‌ലിംഗും റൈഡ് കംഫര്‍ട്ടും നല്‍കുന്നതാണ് പുതിയ ഷാസിയെന്ന് കമ്പനി അവകാശപ്പെടുന്നു.
റോബോട്ടിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പുതിയ ഷാസി നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല, തുരുമ്പെടുക്കല്‍ തടയുന്നതിന് കാതോഡിക് ഇലക്ട്രോഡീപൊസിഷന്‍ (സിഇഡി) പ്രൈമറായി പൂശിയിരിക്കുന്നു.
4 വീല്‍ ഡ്രൈവും 5 സീറ്റര്‍ എസ്‌യുവിയുമായ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ സോഫ്റ്റ് ടോപ്പ്, ഹാര്‍ഡ് ടോപ്പ് വേരിയന്റുകളില്‍ ലഭിക്കും.
അതേസമയം ഗൂര്‍ഖ എക്‌സ്‌പെഡിഷന്‍ റിയല്‍ വീല്‍ ഡ്രൈവാണ്. ഹാര്‍ഡ് ടോപ്പായി മാത്രം ലഭിക്കുന്ന ഗൂര്‍ഖ എക്‌സ്‌പെഡിഷന്‍ 8 സീറ്റ് വാഹനമാണ്.
ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍ വേരിയന്റുകള്‍ക്ക് 2.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 1,400 മുതല്‍ 2,400 ആര്‍പിഎം വരെ പരമാവധി 85 എച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിന് കഴിയും.
ബിഎസ് 4 നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍ എന്ന പ്രത്യേകതയും ഗൂര്‍ഖയ്ക്കുണ്ട്. 5 സ്പീഡ് ഓള്‍സിങ്ക്രോമെഷ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
ഈ എസ്‌യുവിയുടെ മുന്നില്‍ ഗ്യാസ്ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും ആന്റിറോളര്‍ ബാറും നല്‍കിയപ്പോള്‍ ഗ്യാസ്ചാര്‍ജ്ഡ് ഹൈഡ്രോളിക് ഷോക്ക്‌സും ആന്റിറോള്‍ ബാറുമാണ് പിന്നില്‍ നല്‍കിയത്. പുതിയ ഫോഴ്‌സ് ഗൂര്‍ഖയുടെ മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ഉള്ളത്.
സുപ്രീം വൈറ്റ്, മാറ്റ് ബ്ലാക്ക്, കോപ്പര്‍ റെഡ്, മൂണ്‍ബീം സില്‍വര്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഗൂര്‍ഖ എക്‌സ്‌പെഡിഷന്‍ എന്നിവ ലഭിക്കും.
ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ 3 ഡോര്‍ വേര്‍ഷന് 9.39 ലക്ഷം രൂപയാണ് വിലയെങ്കില്‍ 5 ഡോര്‍ വേരിയന്റിന് 11.48 ലക്ഷം രൂപ നല്‍കണം. ഗൂര്‍ഖ എക്‌സ്‌പെഡിഷന് 8.44 ലക്ഷം രൂപയാണ് വില.