ഇന്ത്യയില്‍ ദിവസേന കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ആളുകളുടെ പരിശോധനയും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
അതിനാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മൊബൈല്‍ ക്ലിനിക്കുമായി ഫോഴ്‌സ്.
പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ ഫോഴ്‌സിന്റെ 30 ട്രാവലറുകളാണ് ആദ്യഘട്ടത്തില്‍ മൊബൈല്‍ ഡിസ്‌പെന്‍സറിയായത്. ജീവന്മരക്ഷാ മരുന്നുകളും ഉപകരണങ്ങളും വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനൊപ്പം എല്ലാ വാഹനത്തിലും ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും വിന്യസിപ്പിച്ചിട്ടുമുണ്ട്.
ഏപ്രില്‍ ഒന്നിനാണ് ഫോഴ്‌സ് ഈ സേവനം ആരംഭിച്ചത്. 30 വാഹനങ്ങളുമായി തുടങ്ങിയെങ്കിലും വൈകാതെ ഇത് 50 വാഹനങ്ങളായി ഉയര്‍ത്തുകയായിരുന്നു. പ്രതിദിനം കുറഞ്ഞത് 2500 പേരില്‍ എങ്കിലും പരിശോധന നടത്താനാണ് ഫോഴ്‌സ് ശ്രമിക്കുന്നത്. പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളുമുള്ള ആളുകളെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പൂണെയിലെ ഉള്‍പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലുമാണ് ഫോഴ്‌സിന്റെ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ എത്തുന്നത്. പദ്ധതി 24 ദിവസം പിന്നിട്ടതോടെ 95,600 പേര്‍ക്ക് ചികിത്സ നല്‍കിയതായാണ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇതില്‍ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 945 ആളുകളെ വിദഗ്ധ ചികിത്സയ്ക്കായി വിവിധ സര്‍കക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും ഫോഴ്‌സ് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി മൊബൈല്‍ ഡിസ്‌പെന്‍സറി ഒരുക്കിയതിന് പുറമെ, ഫോഴ്‌സ് മേധാവിയായ ഡോ.അഭയ് ഫിരോഡിയ 25 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.