ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഒന്നിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടനുണ്ടാകുമെന്ന് സൂചന. ഫോര്‍ഡ് ഇന്ത്യ മഹീന്ദ്രയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുമെന്നും മഹീന്ദ്രയുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ കമ്പനിയില്‍ ഫോര്‍ഡിന് തുല്യ വോട്ടവകാശവും ബോര്‍ഡ് പ്രാതിനിധ്യവുമുണ്ടായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഫോര്‍ഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കും. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോര്‍ഡിന്റെ കെ.എ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ മഹീന്ദ്രക്ക് സാധിക്കും. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് എസ്.യു.വികള്‍ക്കും ഫോര്‍ഡ് ബാഡ്ജുകള്‍ ഉപയോഗിക്കുന്ന മിഡ് സൈസ് എസ്.യു.വികള്‍ക്കും മഹീന്ദ്ര പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകുമെന്നാണ് വിവരം.
ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്.യു.വികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായുള്ള കരാറില്‍ കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നതായി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെയാണ് ഫോര്‍ഡിന് സാന്നിധ്യമില്ലാത്ത നഗരങ്ങളില്‍ ഇക്കോസ്‌പോര്‍ട്ട് കോംപാക്റ്റ് എസ്.യു.വി വില്‍ക്കുന്നത്.
നിലവില്‍ ഗുജറാത്തിലെ സനന്ദിലും ചെന്നൈയിലുമായി ഇന്ത്യയില്‍ രണ്ട് ഫാക്ടറികള്‍ ഫോര്‍ഡിനുണ്ട്. ഇതില്‍ സനന്ദ് ഫാക്ടറിയുടെ പ്രവര്‍ത്തനം ഫോര്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും കയറ്റുമതിക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നത് സനന്ദിലാണ്.