നിലവിലുള്ള സ്‌റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി ഫോര്‍ഡ് ഫിഗൊ ഹാച്ച്ബാക്കിനും ആസ്‌പൈര്‍ കോമ്പാക്ട് സെഡാനും വമ്പന്‍ വിലക്കിഴിവ്. വിവിധ ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ ഇരു കാറുകളിലും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കി തുടങ്ങി. പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഔദ്യോഗിക വരവ് അടുത്തിരിക്കെയാണ് കമ്പനിയുടെ പുതിയ ഓഫര്‍.
മോഡലുകളെ പരമാവധി വില കുറച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ഫോര്‍ഡ് ഇന്ത്യ ശ്രമിക്കുന്നത്. അടുത്തിടെ നിരയില്‍ പിറവിയെടുത്ത ഫ്രീസ്‌റ്റൈല്‍ ഇതിനുള്ള ഉദ്ദാഹരണമാണ്. ഫ്രീസ്‌റ്റൈലിന് സമാനമായി ബജറ്റ് വിലയില്‍ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍ വിപണിയില്‍ വരുമെന്നാണ് കരുതുന്നത്.
അഞ്ചു ലക്ഷം മുതല്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന് വില പ്രതീക്ഷിക്കാം. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനും വില അഞ്ചര ലക്ഷം മുതലും. പുറംമോടിയിലും അകത്തളത്തിലും പുതുമകളുള്ള ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ജൂലായ് മാസം വിപണിയില്‍ പ്രതീക്ഷിക്കാം.
ഫോര്‍ഡ് SYNC3 ഇന്റര്‍ഫേസുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇരു കാറുകളുടെ അകത്തളത്തിലും മുഖ്യവിശേഷമായി മാറും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകും. അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍ ക്യാബിന്‍ വിശാലത വര്‍ധിക്കില്ല. പെട്രോള്‍ എഞ്ചിനില്‍ ഇത്തവണ മാറ്റങ്ങളുണ്ട്.