2021 മാർച്ചിൽ 7,746 യൂണിറ്റ് വാഹനങ്ങൾ നിരത്തിലെത്തിച്ച് ഫോർഡ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 3,519 യൂണിറ്റായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ ഇത് 120 ശതമാനത്തിന്റെ വർധനവിനാണ് കമ്പനി ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
2021 ഫെബ്രുവരിയിലെ 5,775 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴും ഫോർഡിന് പ്രതിമാസ വിൽപ്പനയിൽ 34 ശതമാനം വളർച്ച കൈമുതലായുണ്ട് എന്നതും ഏറെ ശ്രദ്ധേയമാകുന്നുണ്ട്. അമേരിക്കൻ ബ്രാൻഡിന്ഖെ മൊത്തം വിപണി വിഹിതം കഴിഞ്ഞ മാസം 2.4 ശതമാനമായിരുന്നു.
ഹോണ്ട, എംജി, നിസാൻ, ഫോക്‌സ്‌വാഗൺ, ജീപ്പ്, സ്കോഡ എന്നിവയേക്കാൾ 2021 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എട്ടാമത്തെ കാർ നിർമാതാക്കളായി മാറാനും ഫോർഡിന് സാധിച്ചത് നേട്ടമായി. ഇക്കോസ്പോർട്ട് വളരെക്കാലമായി ബ്രാൻഡിന്റെ ആശ്വാസമേകുന്ന മോഡലാണ്.
അടുത്തിടെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ ഇല്ലാത്ത പുതിയ SE വേരിയന്റിനെ കമ്പനി വിപണിയിൽ പുറത്തിറക്കിയിരുന്നു. അതോടൊപ്പം കുറച്ച് പുതിയ സവിശേഷതകളും വാഹനത്തിൽ കൂട്ടിച്ചേർത്താണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ഇക്കോസ്‌പോർട്ടിനു പുറമെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി എൻഡവറും ഫോർഡിന് കരുത്തേകുന്നു. ഫ്രീസ്റ്റൈൽ സിയുവിയ്‌ക്കൊപ്പം ആഭ്യന്തരമായി ഫിഗൊ ഹാച്ച്ബാക്ക്, ആസ്പയർ സബ്-നാല് മീറ്റർ സെഡാൻ എന്നിവയും ബ്ലൂ ഓവൽ ശ്രേണിയിലെ സാന്നിധ്യങ്ങളാണ്.