Ford Figo And Aspire Now Get ABS With EBD On Trend Trim

ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെയും എന്‍ട്രി ലവല്‍ സെഡാനായ ‘ആസ്പയറി’ന്റെയും ‘ട്രെന്‍ഡ്’ വകഭേദത്തില്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും (എ ബി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) ലഭ്യമാക്കാന്‍ യു എസ് നിര്‍മാതാക്കളായ ഫോഡ് ഇന്ത്യ തീരുമാനിച്ചു.

ഇതുവരെ മുന്തിയ വകഭേദങ്ങളായ ‘ടൈറ്റാനിയ’ത്തിലും ‘ടൈറ്റാനിയം പ്ലസി’ലും മാത്രമാണു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്ന എ ബി എസും ഇ ബി ഡിയും ലഭ്യമായിരുന്നത്.

ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും കാറുകളുടെ സുരക്ഷയ്ക്ക് വിപണി കൂടുതല്‍ പരിഗണന നല്‍കി തുടങ്ങിയതാവണം ഫോഡിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല, എല്ലാ കാറുകളുടെയും എല്ലാ വകഭേദങ്ങളിലും എയര്‍ ബാഗും എ ബി എസും നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരും ആലോചിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാവണം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘സിയാസി’ന്റെ എല്ലാ വകഭേദത്തിലും ഐസോഫിക്‌സ് മൗണ്ടുകള്‍ സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ ലഭ്യമാക്കിയിരുന്നു.

ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ ഹാച്ച്ബാക്കായ ‘പോളോ’യുടെയും സെഡാനായ ‘വെന്റോ’യുടെയും എല്ലാ വകഭേദത്തിലും എ ബി എസും മുന്നില്‍ ഇരട്ട എയര്‍ ബാഗുകളും ഘടിപ്പിക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു.

ഫോഡാവട്ടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും ഡ്രൈവറുടെ ഭാഗത്ത് എയര്‍ബാഗ് ലഭ്യമാക്കുന്നുണ്ട്. ‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും പുറമെ കോംപാക്ട് എസ് യു വിയായ ‘ഇകോസ്‌പോര്‍ട്’, എസ് യു വിയായ ‘എന്‍ഡേവര്‍’, ‘മസ്താങ്’ എന്നിവയാണു ഫോഡ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

Top