മോഡല്‍ നിരയില്‍ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

വില വർധിപ്പിച്ച് ഫോർഡ് ഇന്ത്യ. ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻ‌ഡവർ എന്നീ മോഡലുകളുടെ വിലയിലാണ് വര്‍ധന. പുതിയ വിലകൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർഡ് കാറുകളുടെ വില വർധനവ് മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഇക്കോസ്പോർട്ട് കോം‌പാക്‌ട് എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് അടുത്തിടെ ഒരു പുതിയ SE പതിപ്പിലൂടെ കമ്പനി പരിഷ്ക്കരിച്ചിരുന്നു.

ഇക്കോസ്പോർട്ടിന്റെ ടൈറ്റാനിയം പ്ലസ്, SE, വേരിയന്റുകൾ ഒഴികെ ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം എന്നിവയുടെ വില 20,000 രൂപയോളമാണ് ഫോർഡ് വർധിപ്പിച്ചിരിക്കുന്നത്. ഇക്കോസ്പോർട്ട് പെട്രോൾ മോഡലുകളുടെ വില ഇപ്പോൾ 8.19 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഡീസൽ പതിപ്പുകളുടെ പ്രാരംഭ വില 8.89 ലക്ഷം രൂപയാണ്.

ഫിഗോയ്ക്കും ഫ്രീസ്റ്റൈലിനും എല്ലാ വേരിയന്റുകളിലും 18,000 രൂപ വില പരിഷ്ക്കരണമാണ് ലഭിക്കുന്നത്. രണ്ട് മോഡലുകൾക്കും ഒരേ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് തുടിപ്പേകുന്നത്.

ആദ്യത്തേത് 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി മാത്രമാണ് ഇരു മോഡലുകളും നിരത്തിലെത്തുന്നത്

Top