ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ ഏപ്രില്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും

ഈ വര്‍ഷം ഏപ്രിലോടെ എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ വിപണിയിലെത്തിക്കാനൊരുങ്ങി ഫോര്‍ഡ്. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ഫെയ്സ്ലിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കാഴ്ച്ചയില്‍ എസ്യുവിക്ക് പുതുമ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ ഫോര്‍ഡ് ആവിഷ്‌കരിച്ചിട്ടുമുണ്ട്.

രാജ്യാന്തര മോഡലില്‍ കണ്ടതുപോലെ രൂപഭാവത്തില്‍ പുതുമ നിലനിര്‍ത്താനായി ഇന്ത്യന്‍ പതിപ്പിലും എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് ശ്രമിച്ചിട്ടുണ്ട്. ബമ്പര്‍, ഹെഡ്‌ലാമ്പ് ഘടനകളിലും മാറ്റങ്ങളുണ്ട്. എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനാണ് ഫോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരുപക്ഷെ നിലവിലെ 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ എഞ്ചിനുകള്‍ക്ക് പകരക്കാരനായാകും 2.0 ലിറ്റര്‍ യൂണിറ്റ് നിരയിലേക്ക് കടന്നുവരിക. രാജ്യാന്തര മോഡലിലുള്ളതുപോലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി തുടങ്ങിയ നൂതന സംവിധാനങ്ങളൊന്നും എസ്യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല.

അതേസമയം ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കും. ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Top