2,900 യൂണിറ്റ് എഫ് 150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്കുകൾ തിരിച്ചുവിളിച്ച് ഫോർഡ്

ഫോർഡിന്റെ എഫ്-150 ലൈറ്റ്‌നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളുടെ 2,900 യൂണിറ്റുകൾ കമ്പനി തിരിച്ചുവിളിക്കും. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടി. ഈ മോഡൽ പുറത്തിറക്കിയതിന് ശേഷം ആദ്യമായാണ് തിരിച്ചുവിളിക്കുന്നത്.

സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്നാണ് ഈ തകരാർ എന്നാണ് കമ്പനി പറയുന്നത്. ടയറിൽ പ്രഷർ കുറയുമ്പോൾ കൃത്യമായി മുന്നറിയിപ്പ് നൽകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ടയർ കോൾഡ് ഇൻഫ്ലേഷൻ പ്രഷർ മൂല്യം 42 psiക്ക് പകരം 35 psi ആയി സജ്ജീകരിച്ചതാണ് ഇതിന് കാരണമെന്നാണ് കമ്പനി പറയുന്നത്. യുഎസിലെ 2,666 യൂണിറ്റുകളും കാനഡയിലെ 220 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്.

ടയർ സമ്മർദ്ദം കുറവാകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ഇത് കൂട്ടിയിടിലേക്കും നയിച്ചേക്കാം എന്നും ഫോർഡ് പറയുന്നു. എന്നാൽ ഈ തകാര്‍ മൂലം ഇതുവരെയും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്‍തിട്ടില്ല.

Top