കമ്പനിയുടെ ചൈനീസ് സംയുക്ത സംരംഭങ്ങളുടെ ഇക്കൊല്ലത്തെ മൊത്തം വില്‍പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി യു എസ് നിര്‍മാതാക്കളായ ഫോഡ്. 2015നെ അപേക്ഷിച്ച് ഒരു മാസത്തോളം മുമ്പു തന്നെ 10 ലക്ഷം യൂണിറ്റ് വില്‍പന കൈവരിക്കാന്‍ കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു.
നവംബറില്‍ 1,24,113 വാഹനങ്ങള്‍ വിറ്റു പുതിയ ചരിത്രം സൃഷ്ടിക്കാനും ഫോഡിനു കഴിഞ്ഞു; 2015 നവംബറിനെ അപേക്ഷിച്ച് 17% അധികമാണിത്. ഓരോ മാസവും ചൈനയില്‍ മികച്ച മുന്നേറ്റമാണു ഫോഡ് നേടുന്നതെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേഖല വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്, സെയില്‍സ് ആന്‍ഡ് സര്‍വീസ്) പീറ്റര്‍ ഫ്‌ളീറ്റ് അഭിപ്രായപ്പെട്ടു. ഇക്കൊല്ലം റെക്കോഡ് വില്‍പന കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
എല്ലാത്തരം വാഹനങ്ങള്‍ക്കും ആവശ്യക്കാരേറുന്നുണ്ടെങ്കിലും എസ് യു വികളോടാണ് താല്‍പര്യമേറെയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കാര്‍ നിര്‍മാണത്തിനായി ഫോഡ് സ്ഥാപിച്ച സംയുക്ത സംരംഭമായ ചാങ്ങന്‍ ഫോഡ് ഓട്ടമൊബീലി(സി എ എഫ്)ന്റെ നവംബറിലെ വില്‍പന 96,000 യൂണിറ്റിലേറെയായിരുന്നു; 2015 നവംബറിനെ അപേക്ഷിച്ച് 14% അധികമാണിത്.
ഇക്കൊല്ലം മൊത്തം 8.42 ലക്ഷത്തോളം വാഹനങ്ങളാണു സി എ എഫ് വിറ്റത്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14% അധികമാണിത്. ‘എക്‌സ്‌പ്ലോറര്‍’ അടക്കമുള്ള എസ് യു വികളാണ് നവംബറില്‍ ഫോഡിനു മികച്ച വില്‍പന സമ്മാനിച്ചത്; മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 73% അധികമാണ് ‘എക്‌സ്‌പ്ലോറര്‍’ വില്‍പ്പന.
‘എഡ്ജി’ന്റെ കഴിഞ്ഞ മാസത്തെ വില്‍പനയാവട്ടെ 2015 നവംബറിനെ അപേക്ഷിച്ച് 21% അധികമായിരുന്നു. ചെറു സെഡാനുകളില്‍ ‘ഫോക്കസി’ന്റെ വില്‍പന 28% വളര്‍ച്ച രേഖപ്പെടുത്തി. ‘എസ്‌കോര്‍ട്‌സ്’ വില്‍പനയിലാവട്ടെ 50 ശതമാനത്തോളമാണു വളര്‍ച്ച. സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളുടെ പിന്തുണയില്‍ ‘മസ്താങ്’ വില്‍പനയിലും ഗണ്യമായ വര്‍ധന കൈവരിക്കാന്‍ ഫോഡിനായി.
വാണിജ്യ വാഹന നിര്‍മാണത്തിനായി ഫോഡ് സ്ഥാപിച്ച സംയുക്ത സംരംഭമായ ജിയാങ്‌ലിങ് മോട്ടോര്‍ കോര്‍പറേഷനും നവംബറില്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. 2015 നവംബറിനെ അപേക്ഷിച്ച് 29% വളര്‍ച്ചയോടെ 26,000 വാഹനങ്ങളാണു കമ്പനി വിറ്റത്. ജനുവരി നവംബര്‍ കാലത്തെ വില്‍പനയാവട്ടെ മുന്‍വര്‍ഷം ഇതേകാലത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം വര്‍ധനയോടെ 2.32 ലക്ഷം യൂണിറ്റാണ്.