യൂറോപ്പിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ഫോർഡ്

മേരിക്കൻ കമ്പനിയായ ഫോർഡ് യൂറോപ്പിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ സ്പെയിനിലെ വലെൻസിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ജർമ്മനിയിലെ കൊളോൺ പ്ലാന്റ് രണ്ട് ബില്യൺ ഡോളർ ചെലവഴിച്ച് 2023 മുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്നും കമ്പനി അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്പിൽ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിർമിക്കാനുള്ള നിർണായക ചുവടുവയ്‍പ്പാണ് ഫോർഡ് നടത്തിയത്. 2026-ഓടെ പ്രതിവർഷം ഏകദേശം ആറ് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനാണ് ഫോർഡ് ലക്ഷ്യമിടുന്നത്. സ്പെയിനിലെ ഫാക്ടറി നവീകരിക്കുന്നതിലൂടെ യൂറോപ്പിൽ ഡിമാൻഡുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് വർദ്ധിപ്പിക്കാനാണ് ഫോർഡ് ആഗ്രഹിക്കുന്നത്.

ഫോർഡ് പ്ലസ് പദ്ധതിയുടെ ഭാഗമായി യൂറോപ്പിൽ സുസ്ഥിരമായ ബിസിനസ് കൈവരിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നതെന്ന് ഫോർഡ് പ്രസിഡന്റും സിഇഒയുമായ ജിം ഫാർലി പറഞ്ഞു. “യൂറോപ്യൻ വാഹന വ്യവസായം അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. മികച്ച ഉൽപ്പന്നങ്ങൾ, ആനന്ദകരമായ ഉപഭോക്തൃ അനുഭവം, മികച്ച പ്രവർത്തനങ്ങൾ, മികച്ച ടീം എന്നിവയിൽ കുറവ് വന്നാൽ അഭിവൃദ്ധി പ്രാപിക്കാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയില്ല” ഫാർലി കൂട്ടിച്ചേർത്തു.

അത്യാധുനിക കൊളോൺ ഇലക്‌ട്രിഫിക്കേഷൻ സെന്റർ ഉൾപ്പെടുന്ന ജർമ്മനിയിലെ ഫോർഡിന്റെ ആദ്യത്തെ ആഭ്യന്തര യൂറോപ്യൻ ഇലക്ട്രിക് വാഹന നിർമ്മാണ സ്ഥലം 2023 അവസാനത്തോടെ ഉൽപ്പാദനം ആരംഭിക്കും. ജർമ്മനിയിലെ ഇലക്ട്രിക് വാഹന നിർമ്മാണ പ്രവർത്തനങ്ങളിൽ ഫോർഡ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. യൂറോപ്പിലെ ആസ്ഥാനം എന്ന നിലയിൽ രാജ്യത്തോട് പ്രതിജ്ഞാബദ്ധരാണ് എന്നും യൂറോപ്പിലെ ഫോർഡിന്റെ ചെയർമാനും ഫോർഡ് മോട്ടോർ ചീഫ് ട്രാൻസ്ഫോർമേഷൻ & ക്വാളിറ്റി ഓഫീസറുമായ സ്റ്റുവർട്ട് റൗലി പറഞ്ഞു. ജർമ്മനിയിലും മുഴുവൻ മേഖലയിലുമുള്ള കമ്പനിയുടെ പങ്കാളികളുമായി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും റൗലി കൂട്ടിച്ചേർത്തു.

Top