ഇന്ധന വില കുതിച്ചു ഉയരുകയാണ്. 100 രൂപയും കടന്നുപോയ പെട്രോളിന് പുറകെ ഡീസലും മത്സരിച്ചോടുന്നു. ഈ സാഹചര്യത്തില്‍ സാധാരണക്കാരില്‍ നിന്നും ഉയരുന്ന ഒരു പതിവ് ചോദ്യമാണ് ‘ഇനി പെട്രോളൊക്കെ ഒന്ന് മണപ്പിക്കാനെങ്കിലും കിട്ടുമോ’ എന്നുള്ളത്. എന്തായാലും പെട്രോള്‍ മണപ്പിക്കാനുള്ള ഒരു കിടിലന്‍ സാങ്കേതികവിദ്യയുമായാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഫോര്‍ഡ് പുതിയ പെട്രോള്‍ മണമുള്ള പെര്‍ഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. ‘മാക് ഓ’ എന്നാണ് ഈ പ്രീമിയം ഫ്രാഗ്രന്‍സിന്റെ പേര്. ഇലക്ട്രിക് വാഹനങ്ങളില്‍ പെട്രോള്‍ മണം നല്‍കുന്നതിനാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ഈ കിടിലന്‍ ആശയം ആവിഷ്‌കരിച്ചത്. പരമ്പരാഗത പെട്രോള്‍ കാറുകളില്‍ ലഭിക്കുന്നതിന് സമാനമായ പെട്രോള്‍ മണം പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്.
അടുത്തിടെ ഫോര്‍ഡ് ഒരു സര്‍വ്വേ നടത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പെട്രോളിന്റെ മണം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് ഫോഡ് നടത്തിയ സര്‍വേയില്‍ അഞ്ച് ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയശേഷം പെട്രോളിന്റെ ഗന്ധം ഒരു പരിധിവരെ നഷ്ടപ്പെടുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനത്തോളം പേര്‍ വ്യക്തമാക്കി. വീഞ്ഞ്, ചീസ് എന്നിവയേക്കാള്‍ ഉയര്‍ന്നതാണ് പെട്രോളിന്റെ മണമെന്ന് സര്‍വേ പറയുന്നു.
ഇതോടെയാണ് പെട്രോളിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചത്. പ്രശസ്ത പെര്‍ഫ്യൂം കണ്‍സള്‍ട്ടന്‍സി, ഓള്‍ഫിക്ഷനുമായി ചേര്‍ന്നാണ് ഫോര്‍ഡ് പെട്രോളിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കിയത്. ഏറ്റവും പ്രശസ്തമായ പെര്‍ഫ്യൂമുകള്‍ സൃഷ്ടിക്കുന്നതില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെര്‍ഫ്യൂമേഴ്സിലെ അസോസിയേറ്റ് പെര്‍ഫ്യൂമറായ പിയ ലോംഗ് പെട്രോളിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം നിര്‍മ്മിക്കാന്‍ ഫോര്‍ഡിനെ സഹായിച്ചിട്ടുണ്ട്.
പെട്രോള്‍ പോലെ മണക്കുന്നതിനു പകരം, പുകയുടെ മണം നല്‍കുന്ന ചേരുവകള്‍, റബ്ബറിന്റെ സാന്നിധ്യം, മസ്താംഗ് പൈതൃകത്തിന്റെ മണം പരത്തുന്ന ‘അനിമല്‍’ ഘടകം എന്നിവ സംയോജിപ്പിച്ചതാണ് പുതിയ പ്രീമിയം ഫ്രാഗ്രന്‍സ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാര്‍ ഇന്റീരിയര്‍, എഞ്ചിനുകള്‍, പെട്രോള്‍ എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കള്‍ പരിശോധിച്ചാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. കാര്‍ ഇന്റീരിയറുകള്‍ നല്‍കുന്ന ബദാം പോലുള്ള സുഗന്ധമുള്ള ബെന്‍സാള്‍ഡിഹൈഡ്, ടയറുകളുടെ റബ്ബര്‍ സുഗന്ധം സൃഷ്ടിക്കുന്നതില്‍ പ്രധാനമായ പാരാ ക്രെസോള്‍ എന്നിവ പെര്‍ഫ്യൂമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇഞ്ചി, ലാവെന്‍ഡര്‍, ജെറേനിയം, ചന്ദനം തുടങ്ങിയ ചേരുവകള്‍ കൂടെ ചേര്‍ത്താണ് പെട്രോളിന്റെ ഗന്ധം പെര്‍ഫ്യൂമിന് തയ്യാറാക്കിയത്.
ഇലക്ട്രിക് വാഹനങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ പുതിയ മാക് ഓ പ്രീമിയം ഫ്രാഗ്രന്‍സ് സഹായിക്കുമെന്നാണ് ഫോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച മിഥ്യാധാരണകള്‍ ഇല്ലാതാക്കാമെന്നും പരമ്പരാഗത കാര്‍ പ്രേമികളെ പോലും ഇലക്ട്രിക് കാറുകളുടെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. പുതിയ ഫ്രാഗ്രന്‍സ് വികസിപ്പിച്ചെങ്കിലും ഇതുവരെ അത് വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല ഫോര്‍ഡ്.