എക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്‍പയർ എന്നിവയുടെ തിരഞ്ഞെടുത്ത ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ്. എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പില്‍ നിന്ന് ഉയർന്ന ഉദ്‌വമനം സംബന്ധിച്ച പ്രശ്‍നം പരിഹരിക്കാന്‍ കമ്പനി മൊത്തം 31,818 യൂണിറ്റ് വാഹനങ്ങൾ തിരികെ വിളിച്ചിട്ടുണ്ടെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു
2020 ജനുവരി ഒന്നു മുതൽ 2021 ജൂൺ 9 വരെ നിർമിച്ച എക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്‍പയർ മോഡലുകളുടെ തെരഞ്ഞെടുത്ത ഡീസൽ വകഭേദങ്ങളെയാണ് കമ്പനിയിപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ ബാധിച്ച വാഹനങ്ങൾ ഈ മോഡലുകളുടെ ബിഎസ് 6-കംപ്ലയിന്റ് പതിപ്പുകളാണ്. . ഫോർഡ് ഇക്കോസ്പോർട്ടും ഫിഗോയുടെ ആംബിയന്റ് ഡീസൽ മാനുവൽ വേരിയന്റും ആസ്പയറിന്റെയും ഫ്രീസ്റ്റൈലിന്റെയും എല്ലാ വകഭേദങ്ങളും തിരിച്ചുവിളിച്ചവയില്‍ ഉൾപ്പെടും.
ഒരു നിശ്ചിത കാലയളവിനുശേഷം ബിഎസ്-VI ടെസ്റ്റ് നടപടിക്രമങ്ങൾക്കനുസൃതമായി ഇൻ-സർവീസ് ടെസ്റ്റ് സമയത്ത് പരീക്ഷിക്കുമ്പോൾ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പിൽ നിന്ന് ഉയർന്ന മലിനീകരണം പുറപ്പെടുവിക്കുന്നതാണ് തകരാറായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ 31,818 യൂണിറ്റുകളിലും ഈ പ്രശ്‌നം ഉണ്ടായേക്കില്ലെന്നാണ് ഫോര്‍ഡ് വ്യക്തമാക്കുന്നത്.
എങ്കിലും വാഹനത്തിന്റെ പ്രവർത്തനത്തിലും ഡ്രൈവിബിലിറ്റിയിലും യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത്രയും യൂണിറ്റുകളെ തിരിച്ചുവിളിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫോർഡ് ഉടൻ തന്നെ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എല്ലാ അറ്റകുറ്റപ്പണികളും തികച്ചും സൗജന്യമായാകും പൂർത്തിയാക്കി നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.