ചെന്നൈ: കാര്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫോര്‍ഡിന്റെ ചെന്നൈ മരൈമലൈ നഗറിലെ പ്ലാന്റില്‍ ഇന്ന് കണ്ടത് ശ്മശാന മൂകത. നാളെയെന്ത് എന്നറിയാതെ ജീവിതം അനിശ്ചിതത്വത്തിലായ പ്രതീതിയിലായിരുന്നു 2600 ലേറെ വരുന്ന തൊഴിലാളികള്‍. എന്നാല്‍ ഇവര്‍ക്കെല്ലാം ആശ്വാസ വാക്കുകളുമായി തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനവും പിന്നാലെയെത്തി.
ഫോര്‍ഡിന്റെ പ്ലാന്റ് മറ്റൊരു വാഹന നിര്‍മ്മാണ ഭീമനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഫോര്‍ഡും, പ്ലാന്റ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ ഏതെങ്കിലും തമ്മില്‍ ഒരു ധാരണയിലെത്തിയാല്‍ നടപടിക്രമങ്ങള്‍ അനായാസം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹകരണവും തങ്ങള്‍ ഉറപ്പാക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ മുരുഗാനന്ദം പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം തന്നെ ചെന്നൈയിലെ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് ആലോചിച്ചിരുന്നു. ഒല, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി പ്ലാന്റ് കൈമാറ്റം സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. ഇതേ കമ്പനികളോട് തന്നെയാണോ ഇപ്പോഴും ഫോര്‍ഡ് ചര്‍ച്ച നടത്തുന്നത് എന്ന് വ്യക്തമല്ല. ഫോര്‍ഡ് ചില കമ്പനികളുമായി പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ നാലായിരത്തിലേറെ വരുന്ന തൊഴിലാളികളെയാണ് ഇത് ആദ്യം ബാധിക്കുക. പ്ലാന്റുകളില്‍ ജോലി ചെയ്യുന്ന നാലായിരം പേര്‍ക്കും ഡീലര്‍മാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 40000 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ വാര്‍ഷികത്തിലാണ് ചെന്നൈയിലെ പ്ലാന്റ് കമ്പനി അടയ്ക്കുക. ഗുജറാത്തിലെ സനന്തിലെ പ്ലാന്റ് അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദവാര്‍ഷികത്തിലും അടച്ചുപൂട്ടുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
350 ഏക്കറിലാണ് ചെന്നൈയിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷം വാഹനങ്ങളും 3.40 ലക്ഷം എഞ്ചിനുകളുമാണ് ഒരു വര്‍ഷം ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും എന്റീവറുമായിരുന്നു ഇവിടുത്തെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ഒരു ബില്യണ്‍ ഡോളര്‍ കമ്പനി ഈ പ്ലാന്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. 37 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ ഇവിടെ നിന്ന് കയറ്റി അയക്കുന്നുമുണ്ട്.