വിദേശ സഹായം നിലയ്ക്കുന്നു; അഫ്ഗാന്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ വിദേശ സാമ്പത്തിക സഹായം നിലയ്ക്കുന്നു. അഫ്ഗാന്‍ എക്കോണമിയുടെ പകുതിയും വിദേശ സഹായമാണ്. അതുകൊണ്ടു തന്നെ വിദേശ സഹായം പെട്ടെന്ന് നിലച്ചാല്‍ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.

താലിബാന്‍ ഭരണകൂടത്തെ അഫ്ഗാന്റെ ഔദ്യോഗിക സര്‍ക്കാറായി അന്താരാഷ്ട്ര രാജ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ വിദേശസഹായം ലഭ്യമാകൂ. ചൈന, റഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ താലിബാനെ അംഗീകരിച്ചത്.

സാമ്പത്തിക പ്രതിസന്ധി അഫ്ഗാന്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അഫ്ഗാന്റെ ഔദ്യോഗിക നാണയമായ അഫ്ഗാനിയുടെ മൂല്യം കഴിഞ്ഞ ദിവസം കൂപ്പുകുത്തി. രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 20 വര്‍ഷത്തില്‍ ഒരു ട്രില്ല്യണ്‍ ഡോളറാണ് അമേരിക്ക അഫ്ഗാനില്‍ ചെലവാക്കിയത്. അന്താരാഷ്ട്ര റിസര്‍വിലുള്ള 9.4 ബില്ല്യണ്‍ ഡോളറും അഫ്ഗാന് ഉപയോഗിക്കാനാകില്ല. അടിയന്തര സഹായമായി ഐഎംഎഫ് നല്‍കാനികുന്ന 400 മില്ല്യണ്‍ ഡോളറും റദ്ദാക്കി.

അഫ്ഗാനിലെ 90 ശതമാനം ആളുകളും പ്രതിദിനം രണ്ട് ഡോളറില്‍ താഴെ വരുമാനമുള്ളവരാണ്. 2020ലെ ജനീവ കരാര്‍ പ്രകാരം അന്താരാഷ്ട്ര സഹായമായി 12 ബില്ല്യണ്‍ ഡോളര്‍ വരുന്ന നാല് വര്‍ഷത്തില്‍ അഫ്ഗാന് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍, താലിബാനെ അംഗീകരിക്കാത്ത പക്ഷം ഈ തുക ലഭിക്കില്ല. ചൈനയാണ് സാമ്പത്തിക സഹായത്തിനായി താലിബാന്‍ ഉറ്റുനോക്കുന്ന രാജ്യം. എന്നാല്‍, സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ചൈന ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

 

Top