വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2013 മുതല്‍ വര്‍ഷത്തില്‍ 8,000 ല്‍ അധികം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ മരണത്തിനു കീഴടങ്ങി മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. ഹൃദയസംബന്ധമായ അസുഖവും വാഹനാപകടങ്ങളുമാണു മരണത്തിനു പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40- 60 നും ഇടയില്‍ പ്രായമുള്ളവരാണു മരണത്തിന് കീഴടങ്ങുന്നവരില്‍ അധികം പേരും. വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം വര്‍ഷത്തില്‍ ഏകദേശം 8,000 പൗരന്‍മാര്‍ രാജ്യത്തിനു പുറത്തു വച്ചു മരിക്കുന്നുണ്ട്.

2013 ല്‍ മരണസംഖ്യ 7,433 ആയിരുന്നെങ്കില്‍ 2015 ല്‍ ഇതു 8,315 ആയി ഉയര്‍ന്നിരുന്നു. 2015ല്‍ വിവിധ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് ഇങ്ങനെ: യുഎഇ 2741, സൗദി അറേബ്യ 2674, ഒമാന്‍ 520, കുവൈറ്റ്‌ 611, ഖത്തര്‍ 279, മറ്റുരാജ്യങ്ങള്‍ 1487. മരണങ്ങളില്‍ അധികവും സംഭവിക്കുന്നത് ട്രാവല്‍ സീസണായ മാര്‍ച്ച് ,ഏപ്രില്‍, നവംബര്‍, ഡിസംബര്‍ കാലങ്ങളിലാണ്. 2016 ല്‍ മുംബൈ എയര്‍പോര്‍ട്ട് വഴി രാജ്യത്തെത്തിച്ചത് 534 മൃതദേഹങ്ങളാണ്. ഇതില്‍ പകുതി മരണങ്ങളും സംഭവിച്ചത് ഗള്‍ഫ് മേഖലയിലാണ്. മരണത്തിനു കിഴടങ്ങിയവരില്‍ 85 ശതമാനം പേരും പുരുഷന്‍മാരാണ്. ഇവരുടെ ശരാശരി പ്രായം 48 വയസാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എറ്റവുമധികം മൃതദേഹങ്ങള്‍ യുഎഇയില്‍ നിന്നാണ് എത്തിയത്. ഏകദേശം 16.1 ശതമാനമാണ്. തൊട്ടുപിന്നാലെ സൗദി അറേബ്യ (13.5%) യാണ്. 10.9 ശതമാനം കുവൈറ്റില്‍ നിന്നുമാണ്. ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും 6.7 ശതമാനവും, ബാക്കി വരുന്ന 52 ശതമാനം ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാം കൂടെ എത്തുന്നതുമാണ്. ഇവയില്‍ 65 ശതമാനം മരണത്തിനു കാരണം ഹൃദയസംബന്ധമായ അസുഖമോ വാഹനാപകടങ്ങളോ ആണ്. 534 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹൃദയസംബന്ധമായ അസുഖം മൂലം മരിച്ചവര്‍ ആണ്.

Top