ജീവനക്കാര്‍ക്കെതിരെ പരാതി; തൊഴിലുടമകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

മസ്‌കറ്റ്: ഒളിച്ചോടുന്ന വിദേശ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ തൊഴിലുടമകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം.

മാസം അഞ്ച് പരാതികളില്‍ കൂടുതല്‍ നല്‍കുന്ന കമ്പനികളെ നിരീക്ഷിക്കും. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പിഴയീടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഏഴു ദിവസം തുടര്‍ച്ചയായി ഒരു ജീവനക്കാരന്‍ ജോലിക്ക് ഹാജരാകാതെ ഇരുന്നാല്‍, ഒളിച്ചോട്ടമായി തൊഴില്‍ ഉടമയ്ക്ക് പരാതി നല്‍കുവാന്‍ സാധിക്കും. എന്നാല്‍, തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ചു സമര്‍പ്പിക്കുന്ന പരാതിയോടൊപ്പം ജീവനക്കാരന് മൂന്നു മാസം ശമ്പളം നല്‍കിയിട്ടുള്ള ബാങ്ക് രേഖകളും തൊഴില്‍ ഉടമ സമര്‍പ്പിച്ചിരിക്കണം.

തൊഴില്‍ ഉടമയുടെ ഈ പരാതിയിന്‍മേല്‍ ജീവനക്കാര്‍ക്ക് മറുപടി നല്‍കുവാന്‍ അറുപതു ദിവസം സമയവും അനുവദിച്ചിട്ടുണ്ട്. ജീവനക്കാരന്‍ അവധിയില്‍ ആയിരിക്കുമ്പോള്‍, തൊഴില്‍ ഉടമയും ജീവനക്കാരനുമായി ഏതെങ്കിലും കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഒളിച്ചോടിയെന്ന പരാതി തൊഴില്‍ ഉടമ നല്‍കുന്നത് കുറ്റകരമായി കണക്കാക്കും. ഒരു മാസം അഞ്ചിലധികമോ ഒരു വര്‍ഷത്തില്‍ പത്തിലധികമോ ഒളിച്ചോട്ടം സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കും. തൊഴില്‍ ഉടമ നല്‍കിയ പരാതി ശരിയാണെന്നു മന്ത്രാലയത്തിന് ബോധ്യപെട്ടാല്‍ നാനൂറു മുതല്‍ 800 ഒമാനി റിയാല്‍ തൊഴിലാളി പിഴ നല്‍കേണ്ടി വരും. മന്ത്രാലയത്തിന്റെ വെബ് സൈറ്റിലൂടെയാണ് തൊഴില്‍ ഉടമകള്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചകള്‍ തൊഴില്‍ ഉടമ വരുത്തിയാല്‍ അഞ്ഞൂറ് ഒമാനി റിയല്‍ പിഴ നല്‍കേണ്ടി വരും.

Top