ബാറുകളില്‍ വിദേശമദ്യ വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യ വില്‍പ്പന ആരംഭിക്കും. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ബാറുടമകള്‍ ഉയര്‍ത്തിയത്.

ഈ തര്‍ക്കം ഒടുവില്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. വെയര്‍ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇന്ന് മുതല്‍ ബാറുകള്‍ തുറക്കുമെന്ന് ഉടമകള്‍ക്ക് വ്യക്തമാക്കി. കൊവിഡ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവില്‍പ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവില്‍ ബാറുകള്‍ വഴി വൈനും ബിയറും വില്‍ക്കുന്നുണ്ട്.

അതേസമയം, കണ്‍സ്യൂമര്‍ ഫെഡും ഇന്ന് മുതല്‍ മദ്യവില്‍പ്പന തുടങ്ങും. കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

 

Top