നിലവില്‍ അഭയാര്‍ഥി പ്രതിസന്ധിയില്ലെന്ന് വിദേശകാര്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായി തുടരുന്ന ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും നിലവില്‍ അവിടെ നിന്നുള്ള അഭയാര്‍ഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ ശ്രീലങ്കന്‍ സമൂഹം ശ്രമിക്കുന്നുണ്ട്. അയല്‍ക്കാരുടെ മോശം അവസ്ഥയില്‍ അവരെ സഹായിക്കുകയെന്നതും ഒപ്പം നില്‍ക്കുകയുമാണ് ഇന്ത്യയുടെ നയം. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചുള്ള ശ്രീലങ്കയുടെ നീക്കത്തോടും ഇന്ത്യ അനുകൂല പ്രതികരണമാണ് നടത്തിയത്.

ഇതിനോടകം ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നല്‍കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യന്‍ ജനതയും കേന്ദ്ര സര്‍ക്കാരും 25 ടണ്‍ അവശ്യ മരുന്നുകളുള്‍പ്പെടെ വിതരണം ചെയ്തിരുന്നു. ഇന്ത്യ കൈമാറിയ 350 കോടി ഡോളര്‍ സഹായത്തിന് പുറമേയാണിത്. അരി, പാല്‍പ്പൊടി, മണ്ണെണ്ണ തുടങ്ങിയ ദൈനന്തിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.

Top