ദോഹയില്‍ താലിബാനുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ദോഹയില്‍ താലിബാനുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമെന്ന് വിദേശകാര്യമന്ത്രാലയം. കാബൂളിലെ എംബസി തുറക്കാന്‍ ഇന്ത്യയോട് താലിബാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ചെത്തുന്നത് തടയാന്‍ കേന്ദ്രം വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീര്‍ണ്ണമായപ്പോള്‍ ഇന്ത്യ ആദ്യം നാല് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന്‍ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാന്‍ ഉറപ്പു നല്‍കുന്നു.

താലിബാനുമായി ഇനിയും ചര്‍ച്ചയുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു നല്ല പ്രതികരണമാണ് ചര്‍ച്ചയില്‍ കിട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം ഇരുപക്ഷവും എടുത്തില്ല. താലിബാന്‍ ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറിയുള്ള പ്രതികരണമാണ് വിദേശകാര്യവക്താവ് ഇന്ന് നല്‍കിയത്.

അഫ്ഗാനിസ്ഥാന്‍ മണ്ണ് ഭീകരസംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം.

Top