വാഷിംങ്ടണ്‍ : വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വീണ്ടും ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു. ഞായറാഴ്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപും, കിമ്മും തമ്മില്‍ രണ്ടാമതൊരു ഉച്ചകോടിക്കു വേണ്ടി കളമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പോംപിയോയുടെ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു. വിദേശകാര്യ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം പോംപിയോ ഉത്തര കൊറിയയിലേക്കു നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണിത്.
ചര്‍ച്ചകള്‍ തുടരുന്നത് നല്ലതു സംഭവിക്കുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടാണെന്ന് വൈറ്റ്ഹൗസ് വക്താവ് ഹീതര്‍ നൗര്‍ട് പറഞ്ഞു. ഉത്തര കൊറിയയ്ക്കു പുറമേ അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും, പോംപിയോ സന്ദര്‍ശനം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായി പോംപിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തര കൊറിയയില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നതിന് താന്‍ തയാറാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വച്ച് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് ഉത്തരകൊറിയ ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു നടന്നത്.