റിയാദ്: വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കുറവു രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
2016 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2011ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ വളരെയധികം കുറവാണ് ഈ മാസം രേഖപ്പെടുത്തിയതെന്നാണ് ‘സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി’യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഈ മാസം 8.55 ബില്യന്‍ റിയാലാണ് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്.
ആശ്രിത ലെവി, റീ എന്‍ട്രി ഫീസ് വര്‍ധന, സ്വദേശിവല്‍ക്കരണം, വിദേശികളുടെ ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ നടപടി എന്നിവ വിദേശ തൊഴിലാളികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ കുറവു വരുത്താന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജി സി സി രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളുളളത് സൗദി അറേബ്യയിലാണ്. വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നതും സൗദിയിലെ വിദേശ തൊഴിലാളികളാണ്. സൗദി ജനസംഖ്യയുടെ 33 ശതമാനമാണ് വിദേശികള്‍.