ജയ്പൂര്‍: കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള ജോണ്‍ പാബ്ലോ ആണ് മരിച്ചത്.
മറ്റൊരാള്‍ക്കൊപ്പം ജയ്പ്പൂരിലെ കാഴ്ചകള്‍ കാണുന്നതിനിടെ തെരുവില്‍ അലഞ്ഞ് നടന്ന കാളയുടെ കുത്തേറ്റ് പരിക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച മനാക് ചൗക്കിന് സമീപം ട്രിപ്പോളി ഗേറ്റിലായിരുന്നു സംഭവം.
കാളയുടെ കുത്തേറ്റ ജോണിനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂര്‍. ദിവസേന നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2012-ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 50 ലക്ഷം കാലികളാണ് രാജ്യത്തെ തെരുവുകളില്‍ അലഞ്ഞു നടക്കുന്നത്.