കുവൈറ്റില്‍ തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി

kuwait

കുവൈറ്റ്: രാജ്യത്ത് വിദേശികള്‍ക്ക് ആനുപാതികമെന്നോണം നിശ്ചിതയെണ്ണത്തില്‍ തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത സര്‍ക്കാരിതര വകുപ്പുകള്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുന്നു. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള വകുപ്പ് മേധാവി ഫൗസി അല്‍ മജ്ദലിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുവാന്‍ നിശ്ചിതയെണ്ണം കുവൈറ്റ് പൗരന്മാരെ കമ്പനികളിലും സ്ഥാപനങ്ങളിലും നിയമിക്കണമെന്നുണ്ട്. പകരമായി സര്‍ക്കാരിതര വകുപ്പുകള്‍ക്ക് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം, സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാറുമുണ്ട്. ഏകദേശം സര്‍ക്കാരിലേതിന് സമാനമായ ശമ്പളം സ്വദേശികള്‍ക്ക് കൊടുക്കേണ്ടതുള്ളതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചത്.

എന്നാല്‍, സര്‍ക്കാരില്‍ നിന്ന് കൃത്യമായി സഹായവും ആനുകൂല്യങ്ങളും പറ്റുകയും അതേ സമയം, തദ്ദേശീയരുടെ തോത് കൃത്യമായി പാലിക്കുകയും ചെയ്യാത്ത നിരവധി കമ്പനികളും സ്ഥാപനങ്ങളുമുണ്ടെന്നാണ് പരിശോധനകളില്‍ നിന്നും വ്യക്തമായത്. ഇത്തരത്തിലുള്ള കമ്പനികള്‍ക്കെതിരെയാണ് നടപടിയ്‌ക്കൊരുങ്ങുന്നത്.

Top