കോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വനം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. വവ്വാലുകളില്‍ നിന്ന് നിപ പകരുന്നതിനാല്‍ പ്രദേശത്തെ വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തി സാമ്പിളുകള്‍ പരിശോധിക്കാനാണ് നീക്കം.
രോഗഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയയ്ക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
നിപ ബാധിച്ച് ഇന്നലെ മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെ രക്തം ഉള്‍പ്പെടെയുള്ള സാമ്പിളുകളും ഇന്ന് ശേഖരിക്കും. വവ്വാലിന്റെ സാമ്പിളുകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഏത് വിഭാഗത്തില്‍പെടുന്നവയാണെന്ന് അടക്കം കണ്ടെത്തേണ്ടതുണ്ട്.