പാലക്കാട്: കണ്ണിന് പരിക്കേറ്റ പിടി സെവന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തില്‍ വനംവകുപ്പ്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഉടന്‍ ചുമതലപ്പെടുത്തും. ഇന്നലെ ചീഫ് വെറ്റനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പിടി സെവനെ പരിശോധിച്ചിരുന്നു. നേരത്തെ പിടി 7 ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചികിത്സ വൈകിയാല്‍ പിടി 7 ന്റെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. പിടി 7 ന്റെ കണ്ണിന്റെ ലെന്‍സിന് കൂടുതല്‍ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോര്‍ണിയയ്ക്ക് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. പിടി 7 ന്റെ കണ്ണിനേറ്റത് ഗുരുതരമല്ലാത്ത പരുക്കാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നാല് വര്‍ഷത്തോളം പാലക്കാടെ ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിടി 7.
പിടികൂടിയ പിടി 7 ന് ധോണി എന്നാണ് ഇതിന് വനം മന്ത്രി നല്‍കിയിരിക്കുന്ന ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണിയിലെ ക്യാമ്പിലേക്ക് പിടി7നെ എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ പിടി 7 ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ ധോണിയില്‍ വിലസുകയായിരുന്നു പിടി 7.