സംസ്ഥാനത്ത് 5024.535 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ട ഹൈറേഞ്ച് സര്‍ക്കിളിലാണ് കയ്യേറ്റങ്ങള്‍ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021-22 ലെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വനഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാത്തതും ജണ്ട കെട്ടി തിരിക്കാത്തതുമാണ് കയ്യേറ്റങ്ങള്‍ തുടരാനുള്ള കാരണം. അതേസമയം, പ്രാദേശിക എതിര്‍പ്പുകളും കോടതിയിലെ കേസുകളും ജണ്ട നിര്‍മാണത്തിന് തടസ്സമാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. നിലവില്‍ കേരളത്തിലെ വനവിസ്തൃതി 11521.814 ചതുരശ്രകിലോമീറ്ററാണ്. 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ 11,917 ഹെക്ടറില്‍പ്പരം വനഭൂമിയില്‍, 4628 ഹെക്ടര്‍ മാത്രമാണ് ഒഴിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും വനം കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടുവെന്നും 2017ലെ സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഏറെ വൈകിയാണ് 2021ലെ ഭരണ റിപ്പോര്‍ട്ട് വനം വകുപ്പ് തയാറാക്കിയതും പുറത്തു വിട്ടതും. 2022-23 ലെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഈ വര്‍ഷം മാര്‍ച്ച് കഴിയുമ്പോള്‍ 2023-24 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് കൂടി വനം വകുപ്പ് തയാറാക്കേണ്ടതുണ്ട്.മൂന്നാറിന് പുറമെ കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂര്‍ വടക്ക്, മണ്ണാര്‍ക്കാട്, നെന്‍മാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതല്‍ കയ്യേറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മറയൂര്‍, തെന്‍മല, നിലമ്പൂര്‍ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളില്‍ കയ്യേറ്റങ്ങള്‍ വളരെ കുറവാണ്.

സര്‍ക്കിള്‍ തിരിച്ചുള്ള കയ്യേറ്റ കണക്ക് ഇങ്ങിനെയാണ്. ഹൈറേഞ്ച് സര്‍ക്കിള്‍, കോട്ടയം ഇടുക്കി, എറണാകുളം-1998.0296 ഹെക്ടര്‍. ഇതില്‍ തന്നെ കയ്യേറ്റക്കാരുടെ പറുദീസയായ മൂന്നാര്‍ ഡിവിഷനിലാണ് കൂടുതല്‍ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടര്‍. ഈസ്റ്റേണ്‍ സര്‍ക്കിള്‍, മലപ്പുറം, പാലക്കാട്-1599.6067, സതേണ്‍ സര്‍ക്കിള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍- 14.60222, സെന്‍ട്രല്‍ സര്‍ക്കിള്‍, തൃശൂര്‍, എറണാകുളം-319.6097, നോര്‍ത്തേണ്‍ സര്‍ക്കിള്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-1085.6648. എന്നിങ്ങനെയാണ് കയ്യേറ്റങ്ങള്‍.

Top