ആനയെ വിരട്ടലും പാമ്പു പിടിത്തവും ഇനി വനം വകുപ്പ് ജീവനക്കാര്‍ ചെയ്യും; പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: ആനയെ വിരട്ടി ഓടിക്കലും പാമ്പു പിടിത്തവും വനംവകുപ്പിന്റെ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉളള പരിമിതികള്‍ മറികടക്കുകയാണ് ലക്ഷ്യം.

ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാര്‍ വരെയുള്ളവരെയാണു പരിശീലിപ്പിക്കുക. നിലവില്‍ പാമ്പുപിടിത്തത്തിനും ആനയെ ഓടിക്കുന്നതിനും ഔദ്യോഗികമായൊരു പരിശീലനം വനംവകുപ്പില്‍ ഇതുവരെ ഇല്ലന്നതും ശ്രദ്ധേയം. അരിപ്പ ഫോറസ്റ്റ് കേന്ദ്രത്തില്‍ മറ്റു പരിശീലനങ്ങള്‍ക്കു വരുന്നവരില്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ഇതുവരെ പാമ്പു പിടിത്തം പഠിപ്പിച്ചിരുന്നത്.

വാവാ സുരേഷാണു പരിശീലനം നല്‍കിയിരുന്നത്. വനംവകുപ്പിന്റെ 25 ഡിവിഷനുകളില്‍ നിലമ്പൂര്‍ സൗത്ത്, നെന്മാറ, റാന്നി എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ പരിശീലനം ലഭിച്ചവരുള്ളൂ. പാമ്പു പിടിക്കേണ്ട ആവശ്യം വന്നാല്‍ വാവാ സുരേഷിനെ വിളിച്ചുവരുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു വ്യാപകമായതോടെയാണ് ആനയെ ഓടിക്കലും പരിശീലനത്തില്‍പ്പെടുത്തുന്നത്.

Top