തേനി : തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ ഞായറാഴ്ചയാണ് തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയില്‍ ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്പനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്പോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒന്‍പത് പേരും തൊട്ടടുത്തദിവസം മധുരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.