ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസത്തിലും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഇന്ത്യന്‍ മൂലധന വിപണികളില്‍ വിറ്റഴിക്കല്‍ തുടരുകയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള കാലയളവില്‍ ഇക്വിറ്റികളില്‍ 11,134.60 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും ഡെറ്റ് വിപണിയില്‍ 1,937.54 കോടി രൂപയുടെ അറ്റ നിക്ഷേപവുമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. മൂലധന വിപണികളിലെ മൊത്തത്തിലുള്ള അറ്റ നിക്ഷേപം ആഗസ്റ്റില്‍ ഇതുവരെ 9,197 കോടി രൂപയാണ്.
അഞ്ചു മാസം രാജ്യത്തെ ഇക്വിറ്റി വിപണിയില്‍ അറ്റ വാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈയില്‍ വലിയ തോതിലുള്ള വിറ്റഴിക്കലിലേക്ക് നീങ്ങിയത്. എഫ്.പി.ഐ നിക്ഷേപങ്ങളില്‍ നിന്നുള്ള വലിയ നേട്ടങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് നിക്ഷേപകരുടെ മനോഭാവത്തെ പ്രധാനമായും സ്വാധീനിച്ചത്. ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവുണ്ടാകില്ല എന്ന് ധനമന്ത്രി ആവര്‍ത്തിച്ചുറപ്പിച്ചത് എഫ്.പി.ഐകളുടെ പിന്‍മാറ്റത്തിന് ആക്കം കൂട്ടി. ജൂലൈയില്‍ മൊത്തം 2,985.88 കോടി രൂപയുടെ പിന്‍വലിക്കലാണ് എഫ്.പി.ഐകള്‍ നടത്തിയത്.
കോര്‍പ്പറേറ്റ് വരുമാനങ്ങളിലെ വീഴ്ച, അമേരിക്ക- ചൈന വ്യാപാര യുദ്ധം, ചൈനയുടെയും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളുടെയും ജി.ഡി.പി വളര്‍ച്ച പരിമിതപ്പെടുന്നത്, ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിക്ഷേപകരുടെ മനോഭാവത്തെ ബാധിക്കുന്നുണ്ടെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. വരുമാന നേട്ടം കുറയുകയും വില ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്വിറ്റികള്‍ക്ക് ആകര്‍ഷണീയത നഷ്ടമാകുന്നുവെന്നും ബോണ്ടുകള്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ഫണ്ട് പോകുകയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.