കൊച്ചി: ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വന്‍കിട കമ്പനികള്‍ക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടിയ 9000 കിലോ മത്സ്യം കൊച്ചിയിലെ പ്രമുഖ ഹോം ഡെലിവറി കമ്പനിക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 6000 കിലോ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റ് ചെമ്മീനാണ് പിടികൂടിയതില്‍ ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായ് ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ ഇരുപതിനായിരം കിലോയിലധികം വിഷം കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്. അതേസമയം സംസ്ഥാനത്തേക്ക് വ്യാപകമായ രീതില്‍ രാസ വസ്തു കലര്‍ത്തിയ മീനുകള്‍ എത്തിയതോടെ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി സംസ്ഥാനത്തേക്കെത്തുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2006ലെ ഭക്ഷ്യസുരക്ഷാ ആക്ട് കര്‍ശനമാക്കുന്നത് പരിശോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിനൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കളിലെ മായവും കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും.