formation of the government;Congress to provide support to Anna DMK

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട് കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സൂചന.

സുപ്രീം കോടതി വിധിയോടെ ശശികല രംഗത്ത് നിന്ന് തന്നെ ഔട്ടായതിനാല്‍ ബി ജെ പി ക്ക് മുതലെടുക്കാനുള്ള സാഹചര്യം ഒരിക്കലും നല്‍കരുതെന്നാണ് രാഹുലിന്റെ നിലപാടെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. പാര്‍ട്ടി നിയമസഭാകക്ഷി യോഗം വിളിച്ച് ഐക്യകണ്‌ഠേന തീരുമാനമെടുക്കാനാണ് രാഹുലിന്റെ നിര്‍ദ്ദേശം.

മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ പി.ചിദംബരത്തിന്റെ നിലപാട് തളളിയാണ് ഹൈക്കമാന്റ് നീക്കം.

ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് ഡിഎംകെ സ്വീകരിക്കുന്ന നിലപാടിന് അനുസൃതമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നാണ് ചിദംബരത്തിന്റെ നിലപാട്. പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്നതാണ് ഡിഎംകെയുടെ നിലപാട്. പനീര്‍ശെല്‍വത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ചിദംബരം.

എന്നാല്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായ തിരുന്നാവുക്കരുശ് അണ്ണാ ഡിഎംകെക്കൊപ്പം നില്‍ക്കണമെന്നും സര്‍ക്കാറില്‍ ചേരണമെന്നുമുള്ള നിലപാടിലാണ്.

അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി എടപ്പാടി പളനിസ്വാമിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്കായതിനാല്‍ അദ്ദേഹത്തെയാണ് ആദ്യം വിശ്വാസവോട്ടുതേടാന്‍ ക്ഷണിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

Top