കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഒമാനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഒമാനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്റഫ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഷ്റഫ് ഗനിക്ക് താജിക്കിസ്താനില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.
ഇതിനിടെ രാജ്യം വിട്ടതില്‍ വിശദീകരണവുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രംഗത്ത്വന്നിരുന്നു. അഫ്ഗാനിസ്താന്‍ വിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്‌റഫ് ഗനി വ്യക്തമാക്കി.
എനിക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകില്‍ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കില്‍ കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാന്‍ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, ആ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഞാന്‍ പോകുന്നതായിരുന്നു നല്ലത്.
താലിബാന്‍ തോക്കുകള്‍ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാല്‍ അവര്‍ക്കത് നിയമസാധുത നേടികൊടുക്കുമോ ജനഹൃദയങ്ങള്‍ നേടാന്‍ അവര്‍ക്ക് സാധിക്കുമോ ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല. – അഷ്‌റഫ് ഗനി കുറിച്ചു.