ചൈന വഴക്കാളി, തായ്‌വാന് കട്ട സപ്പോര്‍ട്ടുമായ് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

തായ്പേയ്: ചൈന ഒരു വഴക്കാളിയാണെന്നും ജനാധിപത്യപരമായി ഭരിക്കപ്പെടുന്ന തായ്‌വാനെ പിന്തുണയ്ക്കുന്നെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ദ്വീപ് രാഷ്ട്രത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ പ്രധാനം വേറൊന്നുമില്ലെന്നും അദ്ദേഹം വെള്ളിയാഴ്ച തായ്‌വാനില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു.

ചൈനീസ് സര്‍ക്കാര്‍ തായ്‌വാനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പരാമര്‍ശം. അത് സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെട്ട് ചൈന യുദ്ധവിമാനങ്ങള്‍ പറത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് ഈ ആഴ്ചയും തുടരുകയാണ് ശക്തി പ്രകടനം.

തായ് സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു സംഘടനയുടെ കോണ്‍ഫറന്‍സിലായിരുന്നു അബോട്ടിന്റെ അഭിപ്രായങ്ങള്‍. അദ്ദേഹത്തിന്റെ സന്ദര്‍ശനം അനൗദ്യോഗികമാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍, പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ചൈനയെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി, സംയമനത്തോടെയാണ് ചര്‍ച്ച ആരംഭിച്ചത്. ‘ദക്ഷിണ ചൈനാ കടലിലും തായ്‌വാന്‍ കടലിടുക്കിലും സായുധ സംഘര്‍ഷം തടയാന്‍ പ്രാദേശിക ശക്തികളുമായി സഹകരിക്കാന്‍ തായ്‌വാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്’ എന്ന് അവര്‍ വ്യക്തമാക്കി.

Top