ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍

ലണ്ടന്‍: എജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. “കരിയറില്‍ ഇതുവരെ വിജയിച്ച ശൈലി തന്നെ പിന്തുടരാനാണ് ധവാന്‍ ശ്രമിക്കുന്നത്. ഏകദിന ക്രിക്കറ്റ് കളിക്കുന്നപോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ല” ഗവാസ്‌കര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ നായകന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ചും ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് ധവാനെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍ വന്നിരിക്കുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ഒരു ബാറ്റ്‌സ്മാനും തന്നോട് ഉപദേശങ്ങള്‍ ചോദിച്ച് വരാറില്ല, വിദേശപിച്ചുകളില്‍ എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ച് വല്ലപ്പോഴും ഉപദേശം തേടിവരുന്നത് അജിങ്ക്യാ രഹാനെ മാത്രമാണ്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം വിദേശ പരമ്പരകള്‍ക്ക് മുമ്പ് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ജനറേഷന്‍ ഗ്യാപ്പും ബാറ്റിംഗിനടക്കം പ്രത്യേക കോച്ചുണ്ടെന്നതൊക്കെയാവാം നിലവിലെ താരങ്ങള്‍ ഉപദേശം തേടാത്തതിന് കാരണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മാനസികമായി ഇത്തരമൊരു തയ്യാറെടുപ്പില്ലാതെ വിദേശ പിച്ചുകളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയാല്‍ ശോഭിക്കാനാവില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സന്നാഹ മല്‍സരങ്ങള്‍ നടത്തേണ്ട സമയത്ത് താരങ്ങള്‍ അവധി ആഘോഷിക്കുകയായിരുന്നെന്നും, മിക്ക താരങ്ങളും പരിശീലനം വേണ്ടെന്ന് വച്ച് ടൂര്‍ പരിപാടികളില്‍ ആയിരുന്നെന്നനും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ചുവന്ന തുകല്‍ പന്തില്‍ കളിക്കുന്ന അത്ര എളുപ്പമല്ല വെള്ള പന്തില്‍ കളിക്കുമ്പോള്‍, മികച്ച സ്വിംഗ് വെള്ളപ്പന്തില്‍ സൃഷ്ടിക്കാന്‍ നല്ല പരിശീലനം വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top