ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ ഇതിഹാസ താരമായിരുന്ന ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ബൊണെറ്റി (78) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ക്ലബ്ബ് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം അറിയിച്ചത്.
‘പൂച്ച’യെന്നു ആരാധകര്‍ വിളിച്ചിരുന്ന ബൊണെറ്റി ചെല്‍സിക്കായി 1960 – 1979 കാലത്ത് 729 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബിനായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച രണ്ടാമത്ത താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടോളം ക്ലബ്ബിന്റെ ഗോള്‍ വല കാത്ത അദ്ദേഹം 200 ക്ലീന്‍ഷീറ്റുകളും സ്വന്തമാക്കി. ഗോള്‍മുഖത്തെ മികച്ച റിഫ്‌ളക്‌സുകളാണ് അദ്ദേഹത്തിന് പൂച്ചയെന്ന വിളിപ്പേര് ലഭിക്കാന്‍ കാരണം. ഇംഗ്ലണ്ടിനായി ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ജേതാക്കളായ 1966 ലോകകപ്പില്‍ ബാക്കപ്പ് ഗോള്‍ കീപ്പറായിരുന്നു ബൊണെറ്റി.
1970 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പഴികേള്‍ക്കേണ്ടി വന്നതും ബൊണെറ്റിക്കായിരുന്നു. അന്ന് 2-0ന് മുന്നിട്ടു നിന്ന ശേഷം ഇംഗ്ലണ്ട്, വെസ്റ്റ് ജര്‍മനിയോട് 2-3ന് തോറ്റു. ഭഷ്യവിഷബാധ മൂലം ഗോര്‍ഡന്‍ ബാങ്ക്‌സിന് കളിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് ബൊണെറ്റിക്ക് അവസരം ലഭിച്ചത്.
വിരമിച്ച ശേഷം ഇംഗ്ലണ്ട്, ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകളുടെ ഗോള്‍കീപ്പിങ് കോച്ചായി സേവനമനുഷ്ടിച്ചിട്ടുണ്ട്.