ടി20 ലോകകപ്പിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കുകമെന്ന് മുന്‍ ചീഫ് സെലക്ടർ

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തതോടെ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കുമെന്ന് പകല്‍ പോലെ വ്യക്തമായെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹാര്‍ദ്ദിക്കിനെ തെരഞ്ഞെടുത്ത് അവരുടെ ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. എന്നാല്‍ ഇന്ത്യൻ ടീമിന്റെ നായകനായി രോഹിത്തിനെ തിരിച്ചുകൊണ്ടുവന്നത് ഇപ്പോള്‍ സെലക്ടർമാരാണ്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്നാണ് കരുതുന്നതെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രോഹിത് തന്നെയാകും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റൻ. അതിനുള്ള മുന്നൊരുക്കമായാണ് അഫ്ഗാനെതിരായ പരമ്പരക്കുള്ള ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ഹാര്‍ദ്ദിക്കും വൈസ് ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവും പരിക്കേറ്റ് പുറത്താവുകയും ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുകയും ചെയ്തതോടെ രോഹിത് സ്വാഭാവികമായും ക്യാപ്റ്റനാവുമെന്ന് ഉറപ്പായിരുന്നുവെന്നും ശ്രീകാന്ത് വ്യക്തമാക്കി.

വരുന്ന ഐപിഎല്ലില്‍ രോഹിത് പൂര്‍ണ സ്വാതന്ത്ര്യത്തോടെയാകും ബാറ്റ് വീശുക. ഏകദിന ലോകകപ്പില്‍ കളിച്ചതുപോലെ ആക്രമണ ക്രിക്കറ്റാകും രോഹിത് പുറത്തെടുക്കുക. ലോകകപ്പ് നഷ്ടമായതിന്റെ മുറിവ് ഉണങ്ങി കഴിഞ്ഞു. നവംബര്‍ 19ന് ഇന്ത്യ, ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇതാവുമായിരുന്നില്ല സ്ഥിതി.

എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഒരു ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നു. ഏകദിന ലോകകപ്പില്‍ അത് നേടാനായിരുന്നെങ്കില്‍ വലിയ നേട്ടമായേനെ. അതിന് കഴിഞ്ഞില്ല, ടി20 ലോകകപ്പിലെങ്കിലും അത് നേടി ലോകകപ്പ് നേടിയ ക്യാപ്റ്റനായി വിരമിക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മികവ് അടയാളപ്പെടുത്താന്‍ രോഹിത്തിന് അത് അനിവാര്യമാണെന്നും ശ്രീകാന്ത് പറഞ്ഞു. ഇന്നലെയാണ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. 2022ലെ ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്കുശേഷം രോഹിത്തും കോലിയും ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമിലെത്തി.

Top