ന്യൂയോര്‍ക്ക്:അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ സി.ഐ.എയുടെ മുന്‍ ഏജന്റ് അറസ്റ്റില്‍. ഹോങ് കോങ് സ്വദേശിയായ ജെറി ചുന്‍ ഷിങ് ലീയെയാണ് പൊലീസ് അറസ്റ്റ് ചെയതത്. പിടികൂടുമ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ തന്ത്ര പ്രധാന രേഖകള്‍ ഉണ്ടായിരുന്നെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. സെന്‍ ചെങ് ലീ എന്ന മറ്റൊരു പേരില്‍ യാത്ര ചെയ്യവെയാണ് തിങ്കളാഴ്ച ജോണ്‍എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ വെച്ച് ലീ അറസ്റ്റു ചെയ്യപ്പെടുന്നത്.
ഹോങ്ക് കോങില്‍ താമസിക്കുന്ന 53 കാരനായ ലീയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ വിര്‍ജീനിയയിലേക്ക് അയച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ലീയെ അറസ്റ്റ് ചെയതിരിക്കുന്നത്. സി.ഐ.എയുടെ രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ഇന്റലിജന്റ്‌സ് ഓഫീസറായി പ്രവര്‍ത്തിക്കുന്നതിനു മുമ്പ് ലീ അമേരിക്കന്‍ സേനയില്‍ അംഗമായിരുന്നു. 1994-ലാണ് ലീ ഇന്റലിജന്റ്‌സ് ഓഫീസറായി സേവനം ആരംഭിച്ചത്. 2007 ല്‍ ഇദ്ദേഹം സിഐഎയില്‍ നിന്ന് ജോലി രാജിവെച്ചു. തുടര്‍ന്ന് ഹോങ് കോങിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശങ്ങളില്‍ പല പേരുകളിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
സി.ഐ.എയില്‍ നിന്ന് ലീ മാറിപോയതോടെ ലീയുടെ പിന്നാലെയുള്ള അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ചൈനയിലെ അമേരിക്കയുടെ 12 സിഐഎ ഏജന്റുമാര്‍ കൊല്ലപ്പെട്ടതോടെ ലീക്കെതിരെയുള്ള കരു നീക്കങ്ങള്‍ അമേരിക്ക ആരംഭിച്ചിരുന്നു. 2012 ല്‍ ഇയാള്‍ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പരാതിയുണ്ടായിരുന്നു.
തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം എഫ്ബിഐയുടെ നിരീക്ഷണത്തിലായിരുന്നു ലീ. കഴിഞ്ഞ ദിവസം പിടികൂടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം സൂക്ഷിച്ച പെട്ടികളില്‍ നിന്ന് സിഐഎ അംഗങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളടങ്ങിയ ഫയലുകളും രാജ്യത്തിനെ സംബന്ധിക്കുന്ന രേഖകളും കണ്ടെത്തിയിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരം രേഖകള്‍ കൈയ്യില്‍വെക്കാന്‍ അദ്ദേഹത്തിന് യാതൊരു അധികാരവും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതില്‍ പ്രധാനമായും സിഐഎ ഏജന്റുമാരുടെ യഥാര്‍ഥ പേരു വിവരങ്ങളും, ഫോണ്‍ നമ്പറുകളും, രഹസ്യ മീറ്റിങ്ങുകളുടെയും, രഹസ്യ ഓപ്പറേഷനുകളുടെയും വിശദാംശങ്ങളായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, ലീയുടെ പേരിലുള്ള ചാര്‍ജിനെ കുറിച്ച് വിശദമാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നോ, സിഐഎയുടെ രേഖകള്‍ ചോര്‍ത്തികൊടുത്തതിനെ കുറിച്ചോ വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല.
എന്നാല്‍, അമേരിക്കന്‍ രഹസ്യ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനയില്‍ തിരിച്ചടി കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പല രഹസ്യ വിവരങ്ങളും ചൈന മനസിലാക്കിയിട്ടുണ്ടെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.
2010 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ 12 അമേരിക്കന്‍ സി.ഐ.എ ഏജന്റുമാര്‍ ചൈനയില്‍ കൊല്ലപ്പെട്ടിരുന്നെന്ന്, കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ആറോ അതില്‍ കൂടുതലോ പേര്‍ ചൈനയുടെ തടവറയില്‍ ഇപ്പോഴും ഉണ്ടെന്നും യുഎസ് അധികൃതര്‍ വെളിപ്പെടുത്തി. ഏഷ്യയില്‍ എവിടെയോ പ്രവര്‍ത്തിക്കുന്ന മുന്‍ സിഐഎ ഏജന്റാണ് ഇതിന് പിന്നിലെന്ന് അന്ന് പത്രം പുറത്ത് വിട്ടിരുന്നു.
അന്ന് അദ്ദേഹത്തെ പിടികൂടാന്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഏജന്‍സിയിലെ മറ്റാരും ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.