ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ രാജാക്കന്മാരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 13 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍. നേട്ടങ്ങള്‍ ഒട്ടനേകം. എന്നാല്‍ 2012 നു ശേഷം പ്രീമിയര്‍ ലീഗില്‍ മുത്തമിടാന്‍ റെഡ് ഡെവിള്‍സിനായിട്ടില്ല. സര്‍ അലക്‌സ് ഫെര്‍ഗൂസണ് ശേഷം തകര്‍ന്ന യുണൈറ്റഡ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ ഫെര്‍ഗൂസണ് ശേഷം യുണൈറ്റഡിന്റെ മികവ് നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ മുന്‍ സഹ പരിശീലകന്‍ റൂയി ഫാരിയ. 2016-17 കാലയളവില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ്, ലീഗ് കപ്പ്, യൂറോപ്പാ ലീഗ് തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹോസെ മൗറീഞ്ഞയുടെ യുണൈറ്റഡിന്റെ ഭാഗമായിരുന്നു ഫാരിയ.
‘സ്ഥിരതയും ഐക്യവും നഷ്ടപ്പെട്ട ഒരു ക്ലബ്ബിലേക്കായിരുന്നു ഞാന്‍ കടന്ന് വന്നത്. വിരല്‍ ഞൊടിക്കുന്നതുപോലെ തിരിച്ച് കെട്ടി ഉയര്‍ത്തുക സാധ്യമല്ല. പഴയതുപോലെ മികച്ചതാകാന്‍ സമയമെടുക്കും. മത്സരങ്ങള്‍ വിജയിക്കാതെ ആളുകള്‍ നിങ്ങളെ അംഗീകരിക്കില്ല. 2016-17 ആണ് തന്റെ മികച്ച സീസണെന്ന് ഹോസെ പറയുമ്പോള്‍ അത് സത്യമാണ്. കാരണം ക്ലബ്ബിന്റെ അവസാന കിരീട നേട്ടവും, ഫെര്‍ഗൂസണ് ശേഷമുളള മികച്ച സീസണും അതാണ്,’ ഫാരിയ പറഞ്ഞു.
‘ഇപ്പോഴും സ്ഥിരതയാണോ ക്ലബ്ബിന് നഷ്ടപ്പെട്ടിരിക്കുന്നത്. യുണൈറ്റഡിന് വേണ്ടതെന്തെന്ന് അവര്‍ തിരിച്ചറിയണം. പെപ്പ് ഗാര്‍ഡിയോളയുടെ സിറ്റിയിലെ ആറാം സീസനാണിത്. തന്റെ ശൈലി ക്ലബ്ബിലേക്ക് പകരാനും, ശൈലിക്ക് അനുയോജ്യരായ കളിക്കാരെ സ്വന്തമാക്കുവാനുമുളള മികവ് അദ്ദേഹത്തിനുണ്ട്,’ ഫാരിയ വ്യക്തമാക്കി.